എന്താണ് വാട്ട്സ്ആപ്പ് ചാനൽ ഫീച്ചർ ? ഗ്രൂപ്പുകളിൽ നിന്ന് ചാനലിനുള്ള വ്യത്യാസങ്ങൾ എന്തൊക്കെ ?

സാധാരണ ഒരു WhatsApp ഉപയോക്താവിനോട് ചോദിച്ചാൽ അറിയാൻ കഴിയില്ലെങ്കിലും WhatsApp Beta വേർഷൻ ഉപയോഗിക്കുന്ന ഉപയോക്താക്കൾക്ക് അറിയാം അടുത്തിടെയായി WhatsApp ൻ്റെ പിന്നണിയിൽ എന്തൊക്കെ കാര്യങ്ങളാണ് നടക്കുന്നതെന്ന്. ഒഫീഷ്യൽ സ്റ്റേബിൾ വേർഷനിലേക്കുള്ള സംഭാവനയ്ക്കായി ദിവസവും ഓരോ മാറ്റങ്ങൾ പരീക്ഷിച്ച് നോക്കുന്ന തിരക്കിലാണ് WhatsApp ൻ്റെ ഡെവലപ്പറുമാർ. അതിൽ ഇപ്പൊൾ എത്തിനിൽക്കുന്ന ഏറ്റവും പുതിയ ഫീച്ചറാണ് ‘ WhatsApp Channel ‘ എന്നത്.

Telegram മെസഞ്ചർ ഉപയോഗിക്കുന്നവർക്ക് തീർച്ചയായും മനസ്സിലാക്കാൻ പറ്റും ചാനൽ എന്ന ഓപ്ഷൻ കൊണ്ട് WhatsApp എന്താണ് ഉദ്ദേശിക്കുന്നതെന്ന്. നമ്മൾ ഓരോരുത്തരും സിനിമകൾ തപ്പിയെടുക്കാൻ പോകുന്ന സ്ഥലമില്ലെ, അത് തന്നെയാണ് സംഭവം. ടെലഗ്രാമിലെ ഓരോ പഴയ ഫീച്ചറുകളും പൊടിതട്ടി WhatsApp ലേക്ക് കയറ്റുന്ന കൂട്ടത്തിൽ ഒടുവിൽ അവനും വരുന്നെന്ന് മാത്രം. നിലവിൽ സിംഗപ്പൂരിലും, കൊളംബിയയിലും WhatsApp channel ഓപ്ഷൻ ആൾക്കാർക്ക് ലഭ്യമായി തുടങ്ങിയിരിക്കുന്നു. ഉടൻ തന്നെ നമുക്കും പ്രതീക്ഷിക്കാം.

എന്താണ് WhatsApp Channel ? ഗ്രൂപ്പുകളും ചാനലുകളും തമ്മിലുള്ള വ്യത്യാസങ്ങൾ എന്തൊക്കെയാണ് ?

നമ്മൾ ഫേസ്ബുക്ക് പേജുകളിൽ നിന്ന് എങ്ങനെ പോസ്റ്റുകൾ കാണാൻ സാധിക്കുന്നുവോ, ടെലഗ്രാം ചാനലുകളിൽ നിന്ന് എങ്ങനെ ഫയലുകൾ download ചെയ്യാൻ സാധിക്കുന്നുവോ അതെ രീതിയിൽ തന്നെയാണ് WhatsApp ചാനലുകളും പ്രവർത്തിക്കുന്നത്. ചാനൽ നിർമിക്കുന്നതും മാനേജ് ചെയ്യുന്നതുമായ അഡ്മിൻസിന് ചാനൽ ലിങ്ക് വഴി ആൾക്കാരെ ചാനലിലേക്ക് ക്ഷണിക്കാൻ സാധിക്കും. ലിങ്ക് ലഭിക്കുന്നവർക്ക് സമ്മതമാണെങ്കിൽ മാത്രമേ ചാനൽ ഫോളോ ചെയ്യാൻ സാധിക്കുകയുള്ളൂ. അത് കൊണ്ട് നിങ്ങളുടെ ആരും ബലമായി പിടിച്ച് കയറ്റുമെന്ന ഭയം വേണ്ട.

നിലവിൽ Chats, Calls, Communities & Status എന്ന രീതിയിലാണ് നമ്മുടെ WhatsApp അപ്ഡേറ്റ് ടാബുകൾ സ്ക്രീനിൻ്റെ താഴെയായി സ്ഥിതിചെയ്യുന്നത്. അതിൽ Status എന്ന ടാബ് Channel ഓപ്ഷനുമായി ലയിപ്പിച്ച് Updates എന്ന ഒറ്റ ടാബായി മാറുന്നതാണ്. അതിനർത്ഥം നിങ്ങൾക്കിനി സ്റ്റാറ്റസ് കാണണമെങ്കിലോ പോസ്റ്റ് ചെയ്യണമെങ്കിലോ Update എന്ന ടാബിലേക്കാണ് പോകേണ്ടത്. അവിടെ നിങ്ങൾ ഫോളോ ചെയ്തിട്ടുള്ള ചാനലുകളെയും കാണാൻ സാധിക്കും. രണ്ടിലും വരുന്ന അപ്ഡേറ്റുകൾ ഒന്നിച്ച് എങ്ങനെ എന്നാണ് ചിന്തിക്കുന്നത് എങ്കിൽ പേടിക്കേണ്ട. ഇനി സ്റ്റാറ്റസ് കാണാൻ സാധിക്കുക നാം ഇൻസ്റ്റാഗ്രാമിൽ സ്റ്റോറികൾ കാണുന്ന അതെ രീതിയിലാണ്. സ്ക്രീനിൻ്റെ മുകളിലായി സ്റ്റാറ്റസ് ഉം ബാക്കി വരുന്ന ഭാഗങ്ങളിൽ ചാനൽ അപ്ഡേറ്റുകളും എന്ന രീതിയിലാണ് ഉണ്ടാകുക.

ഒരു WhatsApp ഗ്രൂപ്പിൻ്റെ മെമ്പേഴ്‌സ് ലിസ്റ്റ് എടുത്ത് നോക്കിയാൽ ആർക്ക് വേണമെങ്കിലും ആരൊക്കെ അതിലുണ്ടെന്ന് അറിയാൻ സാധിക്കും. പ്രത്യേകിച്ച് സ്ത്രീകൾക്ക് ഇത് വളരെ ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണ്. DP കണ്ട് സ്ത്രീ ആണെന്ന് മനസ്സിലാക്കി ഞരമ്പന്മാർ നമ്പർ കൈക്കലാക്കുകയും കോളിലും ഇൻബോക്സിലും വന്നുള്ള ശല്ല്യം ചെയ്യലുകളും ഉണ്ടാകാറുണ്ട്. അവിടെയാണ് ചാനലിൻ്റെ പ്രസക്തി. ചാനലിൽ ആരൊക്കെ ഫോളോ ചെയ്തിട്ടുണ്ടെന്ന് മറ്റൊരാൾക്ക് അറിയാൻ സാധിക്കില്ല. എന്തിന്, അഡ്മിൻ ആരാണെന്ന് പോലും ആരും അറിയില്ല. അതായത് നിങ്ങൾ ഒരു ചാനൽ ഫോളോ ചെയ്യുന്നത് തികച്ചും രഹസ്യമായി തന്നെ നിലനിൽക്കും.

ടെക്സ്റ്റ് മെസേജുകൾ, ഫോട്ടോകൾ, സ്റ്റിക്കറുകൾ, വീഡിയോകൾ & പോൾ തുടങ്ങിയവയാണ് ഒരു ചാനൽ വഴി കൈമാറാൻ സാധിക്കുക. ചാനലിൽ വരുന്ന പോസ്റ്റുകൾ ഒന്നും screenshot എടുക്കാൻ സാധിക്കില്ല എന്നതും പ്രത്യേകതയാണ്. ഓരോ 30 ദിവസം കഴിയുമ്പോഴും പഴയ മെസേജുകൾ ഓട്ടോമാറ്റിക്കായി ഡിലീറ്റ് ചെയ്യപ്പെടും. നിലവിൽ ചാനലുകളിൽ വരുന്ന മെസേജുകൾ end-to-end encrypted ആയിരിക്കില്ല. ഭാവിയിൽ അതിൽ മാറ്റങ്ങൾ ഉണ്ടാവാനും സാധ്യതയുണ്ട്.

നേരത്തെ സൂചിപ്പിച്ചത് പോലെ നിലവിൽ സിംഗപ്പൂർ, കൊളംബിയ എന്നീ രണ്ട് രാജ്യങ്ങളിൽ മാത്രമേ ചാനൽ ഫീച്ചർ ലഭ്യമാക്കിയിട്ടുള്ളു. അവിടെ തന്നെ WHO, FC ബാർസലോണ പോലുള്ള ഓർഗനൈസേഷനുകൾക്ക് മാത്രമേ നിലവിൽ ചാനലുകൾ ആരംഭിക്കാൻ സാധിച്ചിട്ടുള്ളൂ. പ്രത്യേക അഭ്യർത്ഥന പ്രകാരം നിർമ്മിക്കപ്പെട്ട ഇത്തരം ചാനലുകൾ മാത്രമേ ഇന്ത്യയിലും ആദ്യ ദിവസങ്ങളിൽ ഉണ്ടാകു. അതിന് ശേഷമായിരിക്കും സാധാരണക്കാർക്ക് ചാനൽ തുടങ്ങാനുള്ള ഓപ്ഷൻ ലഭ്യമാകുക.

Share this article
Shareable URL
Prev Post

ഹോണർ ഇന്ത്യയിലേക്ക് തിരിച്ച് വരുന്നു. കൂടെ ചേർന്ന് റിയൽമി വൈസ് പ്രസിഡൻ്റ്

Next Post

ഫോൺപേയിൽ ക്യാഷ്ബാക്ക് ലഭിച്ചെന്ന് പറഞ്ഞ് ഡൽഹി പോലീസുകാരൻ്റെ കൈയ്യിൽ നിന്ന് രണ്ട് ലക്ഷം തട്ടിയെടുത്തു

Read next

ഫോൺപേയിൽ ക്യാഷ്ബാക്ക് ലഭിച്ചെന്ന് പറഞ്ഞ് ഡൽഹി പോലീസുകാരൻ്റെ കൈയ്യിൽ നിന്ന് രണ്ട് ലക്ഷം തട്ടിയെടുത്തു

തട്ടിപ്പിൽ വീഴുന്നതിന് പണവും പദവിയുമൊ ന്നും ഒരു തടസമേ അല്ല എന്ന് ഒരിക്കൽ കൂടെ തെളിയിച്ചിരിക്കുകയാണ് ഡൽഹിയിലെ ഒരു…