‘ ഗെയിമിംഗ് ജിഹാദ് ‘ ഹാഷ് ടാഗ് ട്രെൻ്റിങ്ങിൽ. ഇന്ത്യൻ ഗെയിമിംഗ് കമ്മ്യൂണിറ്റിയെ ഇത് ബാധിക്കുമോ ?

ആനന്ദം എന്നതിനുപരി ഗെയിമിംഗ് എന്നത് വിവിധ കമ്പനികളും, ഗെയ്മർമാരും, സ്ട്രീമേഴ്‌സും, eSports ഓർഗനൈസേഷനുകളും പണം വാരുന്ന കാലമാണ് ഈ കടന്നുപോകുന്നത്. ലോകത്തിൽ ഏറ്റവും വേഗത്തിൽ വളരുന്ന മേഖലയാണ് ഗെയിമിങും അതിനോടനുബന്ധിച്ചുള്ള eSports ഉം. ഒളിമ്പിക്സിൽ വരെ eSports ഒരു മത്സര ഇനമായി മാറിയത് തന്നെ ഇതിൻ്റെ പ്രതിഫലനമാണ്.

എന്നാൽ നമ്മുടെ ഇന്ത്യ ഗെയിമിംഗ് മേഖലയിൽ ഒരേ സമയം കുതിക്കുകയും കിതയ്ക്കുകയുമാണെന്ന് പറയേണ്ടി വരും. ഒരു വശത്ത് ഇന്ത്യൻ ഗവൺമെൻ്റ് eSports നെ ഒരു മൾട്ടി – സ്പോർട്സ് ഇവൻ്റ് ആയി അംഗീകരിക്കുകയും, രാജ്യത്ത് ഗെയിം കളിച്ചും സ്ട്രീം ചെയ്തും ആയിരക്കണക്കിന് ജനങ്ങൾ വരുമാനം ഉണ്ടാക്കുകയും ചെയ്യുന്നു. രാജ്യാന്തര തലത്തിൽ Mortal, Scout, Jonathan എന്നിവരൊക്കെ ഇത്തരത്തിൽ ഗെയിമിംങ്ങിലൂടെ ജീവിതത്തിൽ ജയിച്ചവരുടെ ഉദാഹരണമാണ്. എന്തിനേറെ, നമ്മുടെ കൊച്ചു കേരളത്തിൽ തന്നെ Eagle Gaming, Kaztro, Psycho എന്നിങ്ങനെ ഒട്ടേറെ ഉദാഹരണങ്ങൾ കാണാം.

എന്നാൽ മറുവശത്ത് ഗെയിമുകൾ പല കാരണങ്ങളുടെ പേരും പറഞ്ഞ് നിരോധിക്കപ്പെടുകയും അത് വിശ്വസിച്ച് പണവും സമയവും നിക്ഷേപിച്ച നിരവധിപേർ ബുദ്ധിമുട്ടുകൾ അനുഭവിക്കുകയും ചെയ്യുന്നു. ഗാംബ്ലിങ് ആപ്പുകൾ ഗെയിമിംഗ് എന്ന പേരിൻ്റെ മറവിൽ നിരവധി പേരുടെ ജീവിതത്തിൽ വില്ലനാവുമ്പോൾ അതിൻ്റെ പഴി കേൾക്കേണ്ടി വരുന്നതും മേൽപറഞ്ഞ നിരപരാധികളായ ഗെയിമേഴ്‌സ് ആണ്. അങ്ങനെ നൂറുകൂട്ടം പ്രശ്നങ്ങൾ നിലനിൽക്കുന്നതിൻ്റേ ഇടയിലേക്ക് ഇപ്പൊൾ ഇതാ മതങ്ങളും കടന്നുവരികയാണ്.

കഴിഞ്ഞ മാസം മെയ് 30 ന് ഉത്തർപ്രദേശിലെ കാവി നഗർ പോലീസ് സ്റ്റേഷനിൽ ഒരു പരാതി റെജിസ്റ്റർ ചെയ്യുന്നതിലാണ് തുടക്കം. ജയിൻ മതത്തിൽ വിശ്വസിക്കുന്ന കുടുംബത്തിലെ അംഗമായ ഒരു ബാലൻ്റെ പെരുമാറ്റത്തിൽ പിതാവിന് വ്യത്യാസം തോന്നുന്നു. ഒരു ദിവസം മകനെ പിന്തുടരാൻ തീരുമാനിക്കുകയും അവർ അടുത്തുള്ള ഒരു മോസ്‌ക്കിലേക്ക് കയറുന്നത് കാണുകയും ചെയ്യുന്നു. ഇത് ചോദ്യം ചെയ്ത പിതാവിനോട് അവൻ ഇസ്ലാം മതത്തിൽ വിശ്വസിക്കുന്നു എന്നും അതിൻ്റെ പേരിൽ തന്നെ പുറത്താക്കുകയാണെങ്കിൽ താമസം പള്ളിയിലേക്ക് മാറ്റുമെന്നും പറയുന്നു.

മകൻ്റെ ഫോണും ലാപ്ടോപ്പും പരിശോധിച്ച പിതാവിന് കാണാനായത് ഖുറാൻ്റെ വിവിധ പേജുകളും തീവ്രവാദികൾ ഉപയോഗിച്ച് വരുന്ന വിവാദാസ്‌പദമായ കുറിപ്പുകളുമാണ്. ഇത് കണ്ട് ഭയം തോന്നിയ പിതാവ് പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു ( First Information Report number–434/2023)

തുടർന്നുള്ള അന്വേഷണങ്ങൾക്ക് ശേഷമാണ് FORTNITE എന്ന ഗെയിമിലൂടെ പരിചയപ്പെട്ട 3 യുവാക്കളാണ് ബാലൻ്റെ ഈ പെരുമാറ്റങ്ങൾക്ക് കാരണമെന്ന് മനസ്സിലായത്. മുസ്ലീം മതസ്ഥരായ ഇവർ വ്യാജ പേരിൽ ഗെയിമിൽ കയറുകയും, ഗെയിമിൽ പരാജയപ്പെട്ടുകൊണ്ടിരുന്ന കുട്ടിയോട് ചില ഇസ്ലാമിക പ്രാർത്ഥനകൾ ചൊല്ലിയാൽ വിജയം ലഭിക്കുമെന്ന് പറഞ്ഞ് വിശ്വസിപ്പിക്കുകയുമയിരുന്നു. വിശ്വാസം നേടിയെടുത്തെന്ന് മനസ്സിലാക്കിയ ഇവർ ബാലനെ Discord ലേക്ക് ക്ഷണിക്കുകയും നിരോധിക്കപ്പെട്ട തീവ്രവാദ അനുകൂല പ്രസംഗങ്ങളും വീഡിയോകളും കാണിച്ച് മനംമാറ്റം ചെയ്യുകയുമായിരുന്നു. ജൂൺ നാലിന് അബ്ദുൽ റഹിമാൻ എന്ന ഇതിലെ പ്രധാന വ്യക്തിയെ അറസ്റ്റ് ചെയ്യുന്നതിലൂടെയാണ് പോലീസിന് കൂടുതൽ വിവരങ്ങൾ ലഭിച്ചത്. ബാക്കി പ്രതികൾക്കായുള്ള തിരച്ചിൽ നടന്നുവരികയാണ്.

ദിവസങ്ങൾക്ക് മുൻപ് BGMI എന്ന നിരോധിക്കപ്പെട്ട ഗെയിം തിരിച്ചെത്തിയപ്പോൾ തന്നെ സാമൂഹ്യ മാധ്യമങ്ങളിൽ പല പ്രതിഷേധങ്ങളും ഉയർന്നിരുന്നു. കുട്ടികളെ വഴിതെറ്റിക്കുന്നു എന്നുപറഞ്ഞ് മാതാപിതാക്കൾ ഒരു വശത്ത് ശബ്ദമുയത്തുന്നതിനിടയിലാണ് ഇത്പോലൊരു വാർത്ത പുറത്ത് വരുന്നത്.

നിമിഷ നേരം കൊണ്ട് ട്വിറ്ററിൽ #GamingJihad എന്ന ഹാഷ്ടാഗ് ട്രെൻ്റിങ്ങിൽ ആകുകയും പതിനായിരക്കണക്കിന് പേര് പ്രതിഷേധമറിയിക്കുകയും ചെയ്തു. ഹിന്ദു അനുകൂല സംഘടനകൾ പല രീതിയിൽ പ്രതിഷേധം നടത്തിവരികയാണ്. വരും ദിവസങ്ങളിൽ കണ്ടറിയണം ഇത് മൂലം ഇന്ത്യയിലെ ഗെയിമിംഗ് രംഗത്ത് എന്തൊക്കെയാണ് നടക്കാൻ പോകുന്നതെന്ന്.

Share this article
Shareable URL
Prev Post

സാംസങ്ങിൻ്റെ ‘ ഗ്യാലക്സി എഫ് 54 ‘ പുറത്തിറങ്ങി.

Next Post

എച്ച് ഡി ഫോട്ടോകൾ കൈമാറാൻ പുതിയ ഫീച്ചറുമായി WhatsApp

Read next

ഫോൺപേയിൽ ക്യാഷ്ബാക്ക് ലഭിച്ചെന്ന് പറഞ്ഞ് ഡൽഹി പോലീസുകാരൻ്റെ കൈയ്യിൽ നിന്ന് രണ്ട് ലക്ഷം തട്ടിയെടുത്തു

തട്ടിപ്പിൽ വീഴുന്നതിന് പണവും പദവിയുമൊ ന്നും ഒരു തടസമേ അല്ല എന്ന് ഒരിക്കൽ കൂടെ തെളിയിച്ചിരിക്കുകയാണ് ഡൽഹിയിലെ ഒരു…